തിരുവനന്തപുരം: പി. ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് ഇ.പി. ജയരാജൻ നാളെ മറുപടി നൽകും. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആയിരിക്കും ഇ പി മറുപടി പറയുക. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിനായി ഇ.പി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാൻ തന്നെയാണ് ഇപിയുടെ നീക്കം. ഇ.പിയുടെ മറുപടി കേട്ട ശേഷം തുടർനടപടികളെടുക്കാം എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ഇ. പി ഇതുവരെയും ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതുവരെയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചിരിമാത്രമാണ് മറുപടിയായി നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇ.പിയുടെ മറുപടിക്കായി കാത്തിരിക്കുന്ന എല്ലാവർക്കും നാളത്തെ സെക്രട്ടറിയേറ്റ് നിർണായകമാകും. സെക്രട്ടറിയേറ്റിൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പരിശോധിക്കുവാൻ പ്രത്യേകസമിതിയെ നിയോഗിക്കും.
പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാൽ ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമായതുകൊണ്ട് പരിശോധിക്കാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തന്നെ നിയോഗിക്കേണ്ടിവരും. പി ബി നിർദ്ദേശം ഉള്ളതിനാൽ പരിശോധന കമ്മിറ്റി റിപ്പോർട്ട് സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് കേന്ദ്രനേതൃത്വത്തിന് കൊടുക്കണം. ഈ റിപ്പോർട്ട് പി ബിയിലും കേന്ദ്രകമ്മിറ്റിയിലും റിപ്പോർട്ട് ചെയ്യും. ആരോപണക്കേസിൽ ഇ പി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാലും ഇ പി കേന്ദ്ര കമ്മിറ്റി അംഗമായതുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കാൻ സെക്രട്ടറിയേറ്റിന് കഴിയില്ല. മറിച്ച് കേന്ദ്രത്തിന് മാത്രമേ നടപടിയെടുക്കാൻ കഴിയുള്ളൂ.