മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനമോടിച്ച് കാറിലിടിച്ചതിനുശേഷം പൊലീസ് വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു പൊലീസുകാരനെ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മങ്കട പൊലീസെത്തി എഎസ്‌ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഗോപി മോഹനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ രാത്രി മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ ഒരു കാറിലിടിച്ചിരുന്നു. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ പൊലീസ് വാഹനം പിന്തുടരുന്നതിനിടെ ഇതിന് മുൻപ് പൊലീസ് വാഹനം ഇടിക്കാൻ ശ്രമിച്ച ബൈക്കുകാരനും പിന്തുടർന്നിരുന്നു. ഇവർ പൊലീസ് വാഹനം തടഞ്ഞുനിർത്തി. ഇതിനിടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.