പാലക്കാട് നിയമസഭ സീറ്റിലേക്ക് പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം. ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആരോപണവിധേയനായ സിറ്റിങ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ വിജയിച്ചാൽ വീണ്ടും പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പിലും എ. തങ്കപ്പനെ സ്ഥാനാർഥിയായി പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയാകാൻ തയാറാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു. നേരത്തെ പാലക്കാട് സന്ദീപ് വാര്യർ സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപും വ്യക്തമാക്കി.
തൃത്താലയിൽ വി.ടി. ബൽറാം തന്നെ മത്സരിക്കണമെന്നാണ് പ്രവർത്തകർ മുന്നോട്ടുവെക്കുന്ന ആവശ്യം. രണ്ട് തവണ തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.ടി. ബൽറാം 2021 തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനോടാണ് പരാജയപ്പെട്ടിരുന്നു.

