സംസ്ഥാനത്ത് ഇത്തവണ വേനൽ കഠിനമായിരിക്കുമെന്ന് കാലാവസ്ഥ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യാതാപം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് എന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി ചായ, മദ്യം,കാർബണേറ്റ് അടങ്ങിയ ഡ്രിങ്ക്സുകൾ തുടങ്ങിയവ ഒഴിവാക്കുക. സംസ്ഥാനത്ത് നിലവിൽ 38 ഡിഗ്രി വരെ ചൂട് ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കഴിഞ്ഞവർഷത്തെ നിരക്കിനേക്കാളും കൂടിയ നിരക്കാണ് ഇത്. മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെയാകും കടുത്ത ചൂട് അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സംസ്ഥാന വ്യാപകമായി ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ധാരാളം നിർദ്ദേശങ്ങളും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കാട്ടുതീ ഉണ്ടാവാൻ സാധ്യതയുണ്ട്. വനപ്രദേശത്തിന്റെ സമീപത്തുള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
കെട്ടിടങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അനിയന്ത്രിതമായ ചൂട് നിമിത്തം തീപിടുത്ത സാധ്യത കൂടുതലാണ്. കൃത്യമായി ഫയർ ഓഡിറ്റിംഗ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. ക്ലാസ് മുറിയിൽ ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിദ്യാർഥികൾക്ക് വെയിൽ ഏൽക്കുന്ന തരത്തിൽ അസംബ്ലിയോ മറ്റു പരിപാടികളോ സംഘടിപ്പിക്കാൻ പാടുള്ളതല്ല. അല്ലെങ്കിൽ പരിപാടികളിൽ സമയ ക്രമീകരണം നടത്തുക. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോവുകയാണെങ്കിൽ അത് 11 മണിക്കും മൂന്നു മണിക്കും ഇടയിൽ കുട്ടികൾക്ക് നേരിട്ട് വെയിൽ കൊള്ളുന്നില്ല എന്ന് ഉറപ്പുവരുത്തണം.
വേനൽക്കാലത്ത് ജലം പാഴാക്കാതെ ഉപയോഗിക്കുകയും, മഴ സമയത്ത് പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. നിർജലീകരണം തടയാൻ കയ്യിലെപ്പോഴും ഒരു കുപ്പി വെള്ളം കരുതിയിരിക്കുക. അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ധരിക്കാൻ ശ്രദ്ധിക്കുക. പാദരക്ഷകൾ ഉപയോഗിക്കുക.
അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ പഞ്ചായത്ത് അധികൃതരോ അംഗൻവാടി ജീവനക്കാരോ ക്രമീകരിക്കുക.
പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ, ഭിന്നശേഷിക്കാർ,മറ്റു ശാരീരിക അവശതകൾ അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് പെട്ടെന്ന് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ 11 മണി മുതൽ 3 മണി വരെ ഇവർ പുറത്തിറങ്ങാതെ കഴിയുക. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ജീവനക്കാർ 11 മണിമുതൽ മൂന്ന് മണി വരെ ജോലിക്ക് പോകുന്നില്ലെന്ന് സ്ഥാപനം ഉറപ്പുവരുത്തുക. അല്ലെങ്കിൽ അവർക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള വസ്ത്രധാരണം നിർദ്ദേശിക്കുകയോ അവരെ യാത്രയിൽ ഇടയ്ക്ക് വിശ്രമിക്കാൻ അനുവദിക്കുകയോ ചെയ്യുക.
പോലീസുകാരും മാധ്യമപ്രവർത്തകരും 11 മണി മുതൽ മൂന്നു മണി വരെ കുട ഉപയോഗിക്കുകയോ നേരിട്ട് വെയിൽ കൊള്ളാതിരിക്കാൻ ശ്രമിക്കുകയോ ചെയ്യുക.
ഇടയ്ക്ക് വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കാൻ ശ്രമിക്കുക.
യാത്ര ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുകയും ആവശ്യമായ വിശ്രമം എടുക്കുകയും ചെയ്യുക.
നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ, പകൽ സമയത്ത് ജോലിയിൽ ഏർപ്പെടുന്ന മറ്റു തൊഴിലാളികൾ തുടങ്ങിയവർ ജോലിയിൽ സമയ ക്രമീകരണം നടത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ കെട്ടിയിടുന്നതും അവയെ മേയാൻ വിടുന്നതും ഒഴിവാക്കുക.
പക്ഷി മൃഗാദികൾക്ക് ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തുക.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിയിട്ട് എങ്ങോട്ടും പോകാൻ പാടുള്ളതല്ല.
അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ താമസിയാതെ വൈദ്യസഹായം തേടുകയും വേണം.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.