കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ റെയിൽവേ കോർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരണമടഞ്ഞ യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയിൽവേ കോർട്ടേഴ്സിൽ നിന്നും യുവതിയുടെ ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്. കൊറ്റങ്കര സ്വദേശിനിയായ 32 കാരിയുടെതാണ് മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കോർട്ടേഴ്സിന് സമീപത്തുകൂടിപോയ രണ്ട് യുവാക്കളാണ് ദുർഗന്ധവിവരം ഈസ്റ്റ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന പ്രാഥമികനിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ജനുവരി ഒന്നിന് രാത്രി കൊട്ടിയം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിന്റെ പക്കൽ നിന്നും യുവതിയുടെ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു. ഫോൺ കളഞ്ഞു കിട്ടിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഫോൺ വാങ്ങിയശേഷം പോലീസ് ഇയാളെ വിട്ടയച്ചു. തുടർന്ന് ഫോണിൽ ഉണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതടക്കമുള്ള വിവരങ്ങൾ അറിയുന്നത്. കഴിഞ്ഞ മാസം 21 ആം തീയതി മുതൽ യുവതിയെ കാണാതായെന്നും ഇത് സംബന്ധിച്ച പരാതി കുണ്ടറ പോലീസിൽ നൽകിയിട്ടുണ്ടെന്നും അമ്മ അറിയിച്ചു. ഇതോടെ പോലീസ് ഫോൺ കുണ്ടറ പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറിയത്.
കാടുമൂടിയ റെയിൽവേ കോട്ടേഴ്സിൽ നിന്നും പൂർണ നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉണ്ട്. കഴിഞ്ഞമാസം 29 മുതൽ യുവതിയെ കാണാനില്ല എന്ന് കാണിച്ച് യുവതിയുടെ മാതാവ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊല്ലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. സൗന്ദര്യവർദ്ധക വസ്തുക്കൾ വീട്ടിലെത്തിച്ചു വില്പന നടത്തിവരികയായിരുന്നു യുവതി എന്നും പോലീസ് പറഞ്ഞു. സൗന്ദര്യ വർദ്ധക വസ്തുക്കൾ വീടുകളിൽ എത്തിച്ച് വിൽപ്പന്ന നടത്തിവന്ന യുവതി എല്ലാ ദിവസവും രാത്രി ഏഴിന് തന്നെ വീട്ടിൽ എത്തുമായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. 29ന് രാത്രി ഒൻപത് മണി ആയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടതെന്നും വീണ്ടും വിളിച്ചപ്പോൾ ഫോൺ ഓഫായി എന്നും ബന്ധുവീടുകളിൽ പോയിരിക്കാം എന്ന ധാരണയിൽ അന്വേഷണം നടത്തിയിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കുണ്ടറ പോലീസിൽ പരാതി നൽകിയതായും യുവതിയുടെ അമ്മ പറഞ്ഞു.