മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.സിനിമക്കെതിരായ വിമർശനം തുടരുകയാണ്. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.
അതിനിടെ എമ്പുരാൻ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ചാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
“‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…”
സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും വിവാദങ്ങൾക്കിടയിലുള്ള ആദ്യ പ്രതികരണമാണിത്. മോഹൻലാലിൻ്റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്. നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് നിര്‍ണായക കഥാപാത്രമായി മോഹൻലാല്‍ ചിത്രം എമ്പുരാനില്‍ ഉണ്ട്. ആഗോളതലത്തില്‍ മോഹൻലാലിന്റെ എമ്പുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആൻഡ്രിയ, ജെറോം, കിഷോര്‍,സുകുന്ദ്,നിഖാത് ഖാൻ, സാനിയ ഇയ്യപ്പൻ, ഫാസില്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ എമ്പുരാനില്‍ കഥാപാത്രങ്ങളായി ഉണ്ട്.