മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്നതിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചായി തിരിച്ചാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.
സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. ഇപ്പോഴും മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. സ്പോട്ട് ബുക്കിംഗ് തിരക്ക് അനുസരിച്ച് നിയന്ത്രിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്തെത്തും. എരുമേലിയിലും ഇന്ന് അവലോകന യോഗം നടക്കും. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്.

