മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയോടും മുഖ്യമന്ത്രിയുടെ മകളോടുമുള്ള വൈരം തീർക്കാൻ ഏതോ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് പറയുന്ന ഒരു റിപ്പോർട്ടും വച്ച് കുറച്ചു ദിവസമായി കളിക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണെന്നും വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്തമായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾ ഇത് പർവതീകരിക്കുകയാണെന്നും വിവാദങ്ങളുണ്ടാക്കുകയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് കണ്ടെത്തിയെന്ന ചോദ്യത്തിന് മാധ്യമങ്ങളോട് കയർത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറഞ്ഞത്. എന്തൊക്കെ സേവനങ്ങളാണ് വീണയുടെ കമ്പനി നൽകിയതെന്ന ചോദ്യത്തിന് ‘സേവനങ്ങൾ എന്തൊക്കെയാണെന്ന് എനിക്കും നിങ്ങൾക്കും അറിയില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ക്ഷുഭിതനാകുകയും അതു രണ്ടു കമ്പനികൾ തമ്മിലുള്ള കരാറിന്റെ കാര്യമാണെന്നു പറയുകയും ചെയ്തു. അത് കമ്പനികൾ തമ്മിലുള്ള കാര്യമാണ്. ഇതിൽ ഒരു ദൂരൂഹതയും ഇല്ലയെന്നും എല്ലാം കൃത്യമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകൾ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തൽ.