കേരളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോഗികൾ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. രണ്ട് കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ 423 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ മാത്രം 266 കോവിഡ് കേസുകൾ ആണ് സ്ഥിരീകരിച്ചത്.
രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവിൽ 3,420 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്. കർണാടകത്തിലും കൊവിഡ് രോഗികൾ ഉയരുകയാണ്. ഇന്നലെ 70 പുതിയ കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം (266), കർണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തിൽ രണ്ട് മരണങ്ങളും കർണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയർന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 325 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.