പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടി ബഹിഷ്കരിക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എൻഎച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി ഓഫിസ് പൂട്ടി. എൽഡിഎഫ് വന്നതിനുശേഷമാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്രം ഫണ്ട് തന്നില്ല. ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിനായി സംസ്ഥാനം 5600 കോടി മുടക്കിയെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനത്തിനായി കേരള സർക്കാർ 5580 കോടി രൂപയാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ച് ആണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

