വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ്സ് നേതൃത്വം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രംഗത്തെത്തുമ്പോൾ നടപടി സ്വാഭാവികമെന്ന് ബിജെപി പ്രതികരിച്ചു. ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തി ബിജെപി നേതാക്കൾ രംഗത്തെത്തി. കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഔദോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്നും, ഭരണഘടനാ മൂല്യങ്ങൾക്ക് കേന്ദ്ര സർക്കാർ എന്ത് വിലയാണ് നൽകുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.