ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗർഭാഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം നിർത്തി വയ്ക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോയിന്റ് നാലിൽ തെരച്ചിൽ നടത്തിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു. അതേസമയം എപ്പോൾ വിളിച്ചാലും തെരച്ചിൽ നടത്താൻ തയ്യാറെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഇന്ന് രണ്ട് തവണ ഡൈവിങ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തിരച്ചിൽനടത്തിയത്. എന്നാൽ ഒന്നും ലഭിച്ചില്ല, പുഴയിൽ നിറയെ ചെളിയും കമ്പികളും മരകഷ്ണവുമാണുണ്ടായിരുന്നത്.