ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആവാനാണ് സാധ്യത. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് പാർട്ടി വൈകാതെ കടക്കും. കോൺഗ്രെസ് പാർട്ടിക്കകത്തും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആവണം എന്നുതന്നെയാണ് ഭൂരിപക്ഷ അഭിപ്രായം. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമാണ് ചാണ്ടി ഉമ്മന്‍.
കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലകൊണ്ടു. എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ചകളില്‍ അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്നേഹബന്ധത്തിന്റെ കരുത്തിൽ 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനാണ്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയിൽ മകൾ അച്ചു ഉമ്മൻ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും വലിയ വാർത്തയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.