മലപ്പുറം: ഇ ഗേറ്റ്, ഡൈനമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ കരിപ്പൂർ അന്താരാഷ്ട വിമാനത്താവളത്തിൽ എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നുകൊടുത്തു. പരിശോധനകൾക്കായി 16 കൗണ്ടറുകൾ ഉണ്ടാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാകും. ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്ക് പുറപ്പടുന്നവർക്ക് ഇനി എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും.
എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി സിഎൻഎസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, ഡപ്യൂട്ടി ജനറൽ മാനേജർ എൻ.നന്ദകുമാർ, ഓപ്പറേഷൻസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ എസ്.സുന്ദർ, സിവിൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ ബിജു, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ പദ്മ, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സുനിത വർഗീസ് എന്നിവർ പ്രസംഗിച്ചു
ഇ -ഗേറ്റ് സംവിധാനം
സെക്യൂരിറ്റി ചെക്കിങ്ങിനു മുൻപുള്ള പ്രധാനപ്പെട്ട പരിശോധനയായതിനാൽ എമിഗ്രേഷൻ പരിശോധന പൂർണമാകാതെ ആരും ഈ പോയിന്റ് കടക്കില്ല എന്ന് ഉറപ്പുവരുത്തുവാനും ഇ-ഗേറ്റ് വരുന്നതോടെ കൗണ്ടർ ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യമാകും. എമിഗ്രേഷൻ ഓഫിസർ അനുമതി നൽകിയാൽ മാത്രമേ ഇ-ഗേറ്റ് തുറക്കൂ. രേഖകൾ പരിശോധിക്കാൻ മതിയായ ശ്രദ്ധ കൊടുക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു.
ഡൈനമിക് കൗണ്ടർ
ഇന്ത്യൻ പാസ്പോർട്ട്, വിദേശ പാസ്പോർട്ട്, ഇ-വീസ, വീൽ ചെയർ യാത്രക്കാർ, കാബിൻ ക്രൂ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കും. ഡൈനമിക് സൈനേജ് സ്ഥാപിച്ച കൗണ്ടറുകളെ ആവശ്യാനുസരണം പ്രയോജനപ്പെടുത്താമെന്നതാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ഗൾഫ് മേഖലയിലേക്കു കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ കൂടുതൽ പ്രയോജനപ്പെടും.