മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിന്‍റേയും പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും ഒറ്റ നിലപാട് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയെയും സിപിഐഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, മുകേഷ് രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ബിനോയ് വിശ്വത്തിനെതിരെ സംഘടിതമായ വിയോജിപ്പിനുള്ള തെളിവായിരുന്നു നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ. മുകേഷിന്‍റെ കാര്യത്തിൽ മയപ്പെടുത്തിയ പ്രതികരണമെന്ന മുന്നണി ധാരണയിൽ നിന്ന് പോലും ബിനോയ് വിശ്വത്തിന് ഇതോടെ പിൻവാങ്ങേണ്ടി വന്നു. മുന്നണിയിലെ ഘടകക്ഷിയെന്ന നിലയിൽ അനൗദ്യോഗിക ധാരണയുടെ അടിസ്ഥാനത്തിൽ രാജിക്കാര്യത്തിൽ നിലപാട് പറഞ്ഞ ബിനോയ് വിശ്വത്തിനെ പരസ്യമായാണ് ആനി രാജയും പ്രകാശ് ബാബുവും തിരുത്തിയത്. ഇടതുസർക്കാർ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതേ ആരോപണം നേരിടുന്ന എം. എൽ.എ.മാർ കോൺഗ്രസിലുണ്ട്. ആരോപണം ഉയർന്നു എന്നതുമാത്രമല്ല വിഷയം. കാത്തിരിക്കാം, തിടുക്കം കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.