ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴിന് എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ നടത്തും. പുലര്‍ച്ചെ 1.45ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഉച്ചക്ക് 2.45ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കും വൈകിട്ട് 3.30ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും ട്രെയിനുകള്‍ ലഭ്യമാക്കും.
കൂടാതെ പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനമെടുത്തു. തിരക്ക് നിയന്ത്രിക്കാനാണ് അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകള്‍ ഒരുക്കുന്നത്.
രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍ പറ്റുന്ന ഇത്തവണ 50 ലക്ഷം പേരെ പ്രതീക്ഷിക്കുന്നു 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു.
പൊങ്കാല പ്രമാണിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.