ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ.ദേശായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ 11നു രാജ്ഭവനിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ 38–ാം ചീഫ് ജസ്റ്റിസാണ് ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി സുപ്രീം കോടതി ജഡ്ജിയായ പോയ ഒഴിവിലാണ് ദേശായിയെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു എ.ജെ.ദേശായി. . ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ് ജസ്റ്റിസ് ആശിഷ് ദേശായി. 2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ 4നു അദ്ദേഹം വിരമിക്കും