തമിഴ്നാട് അതിർത്തിയിൽ ചുറ്റിസഞ്ചരിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരികെ കേരള പെരിയാർ അതിർത്തിയിൽ എത്തി. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്കാണ് അരിക്കൊമ്പന്‍ മടങ്ങിയെത്തിയത്. നാലുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ആന അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ജി.പി.എസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം വനപാലകര്‍ക്കുവേണ്ടി നിര്‍മ്മിച്ച ഷെഡ് ആന തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന വനപാലകര്‍ ഓടിരക്ഷപ്പെട്ടതോടെ അപകടം ഒഴിവായി. ഞായറാഴ്ചയായിരുന്നു സംഭവം. തമിഴ്‌നാട്ടിലേക്ക് കടന്ന ആനയുടെ ആക്രമണം ഭയന്ന് വിനോദസഞ്ചാരികള്‍ക്ക് അടക്കം തമിഴ്‌നാട് വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.