മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്. . സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്. അപകടത്തിൽപെട്ടയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. നിയമങ്ങൾ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പുന്നുമില്ല. മദ്യപിച്ചു വാഹനമോടിച്ചുവെന്നത് തെറ്റായ ആരോപണമാണ് എന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അമിത വേഗതയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് അപകടം ഉണ്ടായത്. കവടിയാർ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെയാണ് ബൈജുവിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.