മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മലപ്പുറത്ത് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജിൽസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജിൽസാൻ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻ്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടണം.