കൊച്ചിയിലെ വാട്ടര്‍ മെട്രോ വിജയമായ സാഹചര്യത്തില്‍ കൊല്ലത്തും വാട്ടര്‍ മെട്രോ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊച്ചി മാതൃകയിൽ ആണ് കൊല്ലത്ത് അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. വൈകാതെ ഇതിനായി പഠനം തുടങ്ങാനും അഷ്ടമുടി കായല്‍ ശുചീകരിക്കാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതി കൊല്ലത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനരീതിയടക്കം മോയര്‍ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
കൊല്ലം കോർപറേഷന്റെ അഭ്യർഥന പ്രകാരം വാട്ടർ മെട്രോ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
മെട്രോ ടെർമിനലുകൾ, ബോട്ട് യാർഡുകൾ തുടങ്ങിയവ നിർമിക്കുന്നതിന് കൊച്ചി വാട്ടർ മെട്രോ വിദഗ്ധ സംഘം പഠനം നടത്തും. മാലിന്യം നിറഞ്ഞ അഷ്ടമുടികായൽ ശുചീകരണം വേഗത്തിലാക്കുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ ഏഴര കോടി രൂപയുടെ പദ്ധതിയാണ് തീരദേശ വികസന കോർപറേഷൻ മുഖേന നടപ്പാക്കുന്നത്. കായൽ ഡ്രജ് ചെയ്യുന്നതോടൊപ്പം മാലിന്യം നിറയുന്നത് ഒഴിവാക്കാൻ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉള്‍നാടന്‍ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്‍മേട്രോയുടെ വരവോടെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.