തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായെങ്കിലും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റേണ്ടെന്നാണ് തീരുമാനം. വലിയ വിവാദങ്ങളുയർന്നിട്ടും അജിത് കുമാറിനെ മാറ്റാതെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ത്രിതല അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നത് വരെ അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോഴും മുഖ്യമന്ത്രി സ്വീകരിച്ചത്. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കുണ്ടായ വീഴ്ചകളെ കുറിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡി.ജി.പിയും അന്വേഷണം നടത്തും. സംഭവത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും.
പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി നൽകിയ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. റിപ്പോർട്ടിൽ സി.പി.ഐയും സംശയം പ്രകടിപ്പിച്ചു. തുടർന്ന് ആഭ്യന്തര സെക്രട്ടറി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ അന്വേഷണം നടത്താൻ തീരുമാനിച്ചത്. നേരത്തെ എ.ഡി.ജി.പിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഡി.ജി.പി നല്‍കിയിട്ടില്ല. പൂരം അലങ്കോലപ്പെടുത്തലിൽ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.