അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ നടൻ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും എറണാകുളം അസി. സിറ്റി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ മോശമായ രീതിയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചിരുന്നു. ” ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്”- വിനായകൻ ഫേസ്ബുക്ക് ലൈവിൽ ചോദിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്. അതേസമയം വിനായകൻ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.