നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷക്കിടെയാണ് അന്ത്യം സംഭവിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. 1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം