കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്. കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു വന്ദനയുടെ വീട്ടിൽ അരങ്ങേറിയത്. മാതാപിതാക്കളെ സാന്ത്വനിപ്പിക്കാൻ ആവാതെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീർ കാഴ്ചയായി. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡ്യൂട്ടിക്കിടെ ഡോ. വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് ബിസിനസുകാരനായ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ആണ് . ഏക മകളുടെ വിയോഗം താങ്ങാനാകാതെ ഉരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍. വീടിന്റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡും നോവുന്ന കാഴ്ചയായി