സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. സംസ്കാരം നടന്ന കടൽത്തീരത്ത് തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നത്. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും. പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്. ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം നിർമിച്ചിരിക്കുന്നത്.
എട്ടടി വീതിയും നീളവുമുള്ള തറയിലാണ് 11 അടി ഉയരമുള്ള സ്‌തൂപം ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിലാണ് കോടിയേരിയുടെ മുഖം കൊത്തിയെടുത്തത്. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ കോടിയേരിയുടെ ചിരിക്കുന്ന മുഖം തന്നെയാണ് ഗ്രാനൈറ്റിൽ ഉളി കൊണ്ട് ശിൽപി കാർവ് ചെയ്തെടുത്തത്.
ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെ അടയാളപ്പെടുത്തുന്ന സ്‌തൂപമാണ് ശിൽപി ഉണ്ണി കാനായി ഒരുക്കുന്നത്.