കാസർകോഡ് പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയോടുകൂടിയാണ് സ്കൂൾ വരാന്തയിൽ ഒരുദിവസം പ്രായമായ നവജാതശിശുവിനെ കണ്ടെത്തുന്നത്. അവധി ദിവസമായിരുന്നതിൽ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. തുടർന്ന് ഹെഡ് മാസ്റ്ററിനെ വിവരം അറിയിക്കുകയായിരുന്നു. ഹെഡ് മാസ്റ്റർ ആദൂർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കുഞ്ഞിനെ കാസർകോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കുകളോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. നിലവിൽ കുഞ്ഞ് ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ്. പഞ്ചിക്കൽ കേരള-കർണാടക അതിർത്തി ഗ്രാമമായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന അന്വേഷണവും നടത്തുമെന്ന് പൊലീസ് പറഞ്ഞു.