ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘമെത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. പത്താംക്ലാസ്-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്ന തീയതി ഒഴിവാക്കി ആകും ആനയെ പിടികൂടാൻ ശ്രമിക്കുക.144 പ്രഖ്യാപിക്കേണ്ടിവരും എന്നതു കൊണ്ടാണിതെന്നും മന്ത്രി അറിയിച്ചു. ഈ മാസം 16ന് ശേഷം ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ സംഘമെത്തും. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി.
ലോറിയുടെ ഗ്രില്ലിൽ തട്ടി തൃശ്ശൂരിലെ കൊമ്പൻ കുട്ടൻകുളങ്ങര അർജുനന്‍റെ കൊമ്പുകൾ പൊട്ടി. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ കൊണ്ടുവരുമ്പോൾ ആണ് സംഭവം. വടക്കഞ്ചേരി ഭാഗത്ത്നിന്ന് വരുമ്പോൾ ലോറിയുടെ ഗ്രില്ലിൽ തട്ടിയാണ് കൊമ്പുകൾ പൊട്ടിയത്. ആനയെ ഉത്സവങ്ങളിൽ നിന്ന് തൽക്കാലം മാറ്റി നിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദേശിച്ചു. കൊമ്പുകൾ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു.