പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (8), അപകടത്തിൽപെട്ട് കാണാതായ നാലുവയസുകാരൻ യദുകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാർത്ഥികൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല.

