വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദേശം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളിൽ വർദ്ധനവ് ഇല്ല. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണുള്ളത്. ആശുപത്രിയിൽ ചികിത്സ യിൽ കഴിയുന്നവരുടെ എണ്ണവും കുറവാണ്. പുതിയ കോവിഡ് വകഭേദം വ്യാപന ശേഷി കൂടുതൽ ആയതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം വന്നതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ ജില്ലകളിലും പ്രധിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ഉണ്ടെന്നും പ്രധിരോധം ശക്തമാക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശം ഉണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ടോ, ഹോസ്പിറ്റൽ അഡ്മിഷൻ കൂടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേസുകളിൽ വർധനവ് ഉണ്ടെങ്കിൽ കൂടുതൽ പരിശോധനാസംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും നടപടികൾ ഉർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. നിലവിൽ ആശങ്ക വേണ്ടെങ്കിലും ശ്രദ്ധ കൂടുതൽ വേണമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുകൾ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്നും കോവിഡ് കാലത്തെ ജീവിതരീതികൾ ശീലമാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പനി, ജലദോഷം, തൊണ്ടവേദന ഇവ ബാധിച്ചാൽ അവഗണിക്കരുതെന്നും മതിയായ ചികിത്സ തേടണമെന്നും പറഞ്ഞ മന്ത്രി ലക്ഷണം ഉള്ളവരോട് അടുത്തിടപഴകരുത് എന്നും ഓർമിപ്പിച്ചു.