ഷിരൂരിൽ മണ്ണിടിച്ചിലിൽപെട്ട മറ്റൊരു മൃതദേഹം കടലിൽ കണ്ടതായി മത്സ്യത്തൊഴിലാളികൾ വിവരം നൽകിയെന്ന് കർണാടക പൊലീസ്. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചിൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.
അകനാശിനി ബാഢ എന്ന സ്ഥലത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്.
അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരന്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിന്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്.
ഗോകർണ ജില്ലയിൽ കുംട തീരത്തോട് ചേർന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖം അകനാശിനി ബാടയോട് ചേർന്നാണ് അവസാനമായി മൃതദേഹം കണ്ടത്. ഇതേ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുന്റെതാണോയെന്ന് വ്യക്തമായിട്ടില്ല.