പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ അവർക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. ഈ മാസം 21-ന് കേസിൽ വിശദമായ വാദം കേൾക്കും. അതിനുശേഷമായിരിക്കും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കുക.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തങ്ങൾക്കിടയിൽ ഉണ്ടായത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണെന്നും ഗർഭച്ഛിദ്രം നടത്തി എന്നത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുൽ കോടതിയിൽ വാദിച്ചത്. എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. രാഹുൽ നൽകിയ മരുന്ന് കഴിച്ച് ഗർഭച്ഛിദ്രം നടന്നതിനെത്തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

