കനത്ത മൂടൽമഞ്ഞ് ഡൽഹിയെ മൂടിയതോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ നിരവധി പ്രദേസങ്ങളിൽ യാത്രാതടസ്സവും നേരിടുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളവും മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്. നിലവിൽ മൂടൽമഞ്ഞ് കാരണം വിമാനങ്ങളൊന്നും ബാധിച്ചില്ല, എന്നാൽ അടിന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. CAT III പ്രകാരമുള്ള വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അറിയിച്ചു. മോശം ദൃശ്യപരത സാഹചര്യങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ CAT III പ്രകാരമുള്ള വിമാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡിസംബർ 26 ന് ഡൽഹി-എൻസിആർ മേഖലയിൽ നേരിയതോ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
ഡിസംബർ 27 മുതൽ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഡിസംബർ 29 ഓടെ കാലാവസ്ഥ തണുപ്പിക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ക്രിസ്മസ് ദിനത്തിൽ മൈനസ് 7.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലേക്കുള്ള തുരന്തോ എക്‌സ്‌പ്രസും അവധ് അസം എക്‌സ്‌പ്രസും ഉൾപ്പെടെ 18 ട്രെയിനുകൾ കനത്ത മൂടൽമഞ്ഞ് കാരണം വൈകി ഓടുകയാണ്. ഏറ്റവും കുറഞ്ഞ താപനിലയും കൂടിയ താപനിലയും യഥാക്രമം 9 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസുമായി പ്രവചിക്കപ്പെട്ടതോടെ ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു.
ഡൽഹി-എൻസിആർ മേഖലയിൽ പകൽ സമയത്ത് ചെറിയ മഴയും ഡിസംബർ 27, 28 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ഡിസംബർ 27 ന് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, അയൽ സംസ്ഥാനമായ ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും ശൈത്യം തുടരുകയാണ്. 2024 ഡിസംബറിൽ കശ്മീരിലെ ഏറ്റവും കഠിനമായ ശൈത്യകാലത്തിൻ്റെ 40 ദിവസത്തെ കാലഘട്ടമായ ചില്ലൈ കലൻ കശ്മീരിൽ ആരംഭിച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ അഭിപ്രായത്തിൽ, അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രി മൈനസ് 8.5 ഡിഗ്രി സെൽഷ്യസിലാണ് ശ്രീനഗറിൽ അനുഭവപ്പെട്ടത്