മേഘാലയയിലും നാഗാലാൻഡിലും നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നാളെ നടക്കും. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. തിങ്കളാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. ഈ മാസം 16ന് തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയോടൊപ്പം മാർച്ച് രണ്ടിന് മേഘാലയുടെയും നാഗാലാൻഡിന്റെയും വോട്ടെണ്ണൽ നടത്തും.
ഇന്നലെ വൈകുന്നേരത്തോടെ മേഘാലയയിലും നാഗാലാൻഡിലും പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഒരു മാസത്തോളമായി ദേശീയ നേതാക്കൾ ഉൾപ്പെട്ട പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും, മല്ലികാർജുന ഖാർഗെയും പ്രചാരണം നടത്തി. ഇവിടെ പ്രചാരണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടക്കുകയാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മേഘാലയയിൽ 12 ജില്ലകളിലായി 60 നിയമസഭാ സീറ്റുകളിലെ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടത്തുക. ആകെ 375 സ്ഥാനാർത്ഥികൾ മത്സരിക്കാനുണ്ട്. ബിജെപിയും കോൺഗ്രസും 59 സീറ്റുകളിലും, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി 57സീറ്റുകളിലും, തൃണമൂൽ കോൺഗ്രസ് 56 സീറ്റുകളിലും മത്സരിക്കുന്നു.
60 സീറ്റുള്ള നാഗാലാൻഡിൽ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ മൊത്തം 183 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എൻ ഡി പി പി 40 സീറ്റുകളിലും, ബിജെപി 19 സീറ്റുകളിലും മത്സരിക്കുന്നു.