സർവീസ് തുടങ്ങിയതുമുതൽ വന്ദേഭാരത് എക്‌സ്പ്രസ്സിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 2022 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. 25 ലക്ഷത്തിലധികം യാത്രക്കാർ ഇക്കാലയളവിൽ യാത്രചെയ്തതായി ജൂണ്‍ 21ന് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ഇക്കാലയളവില്‍ ആകെ നടന്ന 2,140 ട്രിപ്പുകളിലായി 25,20,370 യാത്രക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്ദേ ഭാരതിന്റെ ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ കൂടുതല്‍ പേര്‍ യാത്രയ്ക്കായി ഈ ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 46 വന്ദേ ഭാരത് എക്‌സ്പ്രസ്സുകളാണ് രാജ്യത്തോടുന്നത്. അതില്‍ 5 എണ്ണം ഈയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 24 സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും വന്ദേഭാരത് എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് സമയനഷ്ടമില്ലാതെ യാത്ര ചെയ്യാമെന്നത് ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.