ഡെറാഢൂണ്‍: ഉത്തരാഖണ്ഡിൽ പർവ്വതാരോഹണ പരിശീലനത്തിന് എത്തിയ 41 അംഗ സംഘമാണ് മഞ്ഞിടിച്ചിലിൽ അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തില്‍ ആണ് പത്തുപേർ മരിച്ചത്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. പതിനയ്യായിരം അടിക്ക് മുകളിലുളള പർവതങ്ങളിലേക്ക് കയറുന്ന അഡ്വാൻസ്ഡ് മൗണ്ടനിയറിങ് കോഴ്സിലുളള വിദ്യാർഥികളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 8 പേരെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉത്തര്‍കാശി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. 23 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്.
കനത്ത മഞ്ഞുവീഴ്ച തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും വെല്ലുവിളി ആകുന്നുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സേന, ഐടിബിപി അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വിറ്ററിലൂടെ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ട്വീറ്റ് ചെയ്തിട്ടുണ്ട്.