തമിഴ്നാട്ടിലെ കല്ലൂർ ഗ്രാമത്തിൽ അരിയനായഗി അമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഒരു തരം ജല്ലിക്കെട്ടായ ‘മഞ്ജുവിരാട്ടി”നിടെ ഒരു പോലീസുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കാളയെ മെരുക്കുന്ന കായിക വിനോദമാണ് മഞ്ജുവിരാട്ട്. കാളയുടെ ആക്രമണത്തിനിരയായ കാഴ്ചക്കാരനായ സുബ്രഹ്മണ്യനെ രക്ഷിക്കാൻ നോക്കുന്നതിനിടയിലാണ് നവനീധ കൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. മീമിസൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് നവനീധ കൃഷ്ണൻ.
മധുര, പുതുക്കോട്ട, തേനി, തഞ്ചാവൂർ, സേലം തുടങ്ങിയ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നടക്കുന്ന ഒരു തരം ജല്ലിക്കെട്ടാണ് ‘മഞ്ജുവിരാട്ട്’. പുതുക്കോട്ട, ശിവഗംഗൈ, മധുര, ദിണ്ടിഗൽ, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നുള്ള 400 ഓളം കാളകളാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടി കാണാൻ ഏകദേശം 6,000 ത്തോളം കാണികളും തടിച്ചുകൂടിയിരുന്നു. പൊങ്കൽ ആഘോഷവേളകളിലാണ് പ്രധാനമായും ‘മഞ്ജുവിരാട്ട്’ പരിപാടി നടത്തുന്നത്.