ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായുള്ള രക്ഷാധൗത്യം ഓപ്പറേഷൻ കാവേരിയുടെ രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി. 246 ഇന്ത്യക്കാരുമായുള്ള ഇന്ത്യൻ വ്യോമസേനാ വിമാനം മുംബൈയിൽ ഇറങ്ങി. രക്ഷപ്പെടുത്തുന്നവരെ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ 360 ഇന്ത്യക്കാരുമായി ഒരുവിമാനം ഇന്നലെ രാത്രിയോടെ ന്യൂഡൽഹിയിൽ ഇറക്കിയിരുന്നു. ഇതിൽ മലയാളികൾ ആയവർ കൊച്ചയിലും എത്തി.
സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടത്തെത്തുടര്‍ന്ന് രൂക്ഷമായ സംഘർഷം നടക്കുന്ന സുഡാനില്‍ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തിങ്കളാഴ്ചയാണ് ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചത്. നിലവില്‍ സുഡാനിലുള്ള മൂവായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കു വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്റെ രണ്ട് വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലും തയ്യാറായിരുന്നു. കഴിഞ്ഞ 15 ദിവസമായി സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘർഷത്തിൽ 480 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്