പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശമുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ മാറ്റിവെച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് മുൻപേ തന്നെ എസ്എഫ്ഐ യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു. അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിൽ ആക്കുകയും ലൈബ്രറി ഉൾപ്പെടെയുള്ളവ സർവകലാശാല അധികൃതർ പൂട്ടുകയും ചെയ്തിരുന്നു. ഗേറ്റുകൾ ഉൾപ്പെടെ പൂട്ടി നിയന്ത്രണം കർശനമാക്കിയതോടെയാണ് പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ അറിയിച്ചത്.
എസ്എഫ്ഐ, എൻ എസ് യു സംഘടനകൾ ആണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവകലാശാല അധികൃതരോട് അനുവാദം ചോദിച്ചത്. എന്നാൽ സർവകലാശാല അധികൃതർ അനുമതി നിഷേധിക്കുകയും എസ്എഫ്ഐയുടെ നാലു നേതാക്കളെയും എൻഎസ് യുവിന്റെ ഒരു നേതാവിനെയും അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കുകയായിരുന്നു. വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിനെതിരെ ഇരു സംഘടനകളും സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തടയാനായി ഗ്രാനൈഡ് ഉൾപ്പെടെ സർവ്വസന്നാഹങ്ങളുമായി പോലീസ് സേനയെ കോളേജിനു മുന്നിൽ അണിനിരത്തി. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കണമെന്നും ക്യാമ്പസിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തിയത്.