ന്യൂഡൽഹി : ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ‘അഗ്നിപഥ് ‘ പദ്ധതിക്കെതിരായി കോടതിയിൽ എത്തിയ ഹർജികളെ ദില്ലി ഹൈക്കോടതി തള്ളി. ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയും സായുധ സേന മികച്ച രീതിയിൽ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് പദ്ധതി രൂപീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു. ദില്ലി ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിന് ആശ്വാസകരമാണ്. സൈന്യത്തെ നവീകരിക്കുന്നതിന് വേണ്ടിയാണ് അഗ്നിപഥ് പദ്ധതിയെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജികൾ തള്ളിയത്.
2022 ജൂണിൽ തുടക്കം കുറിച്ച അഗ്നിപഥ് പദ്ധതിയിൽ യുവാക്കളെ സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ വ്യക്തമായി പറയുന്നുണ്ട്. 17 നും 21 നും ഇടയിൽ പ്രായമുള്ളവർക്ക് ‘അഗ്നിവീർ’ ആകാൻ അപേക്ഷിക്കാനുള്ള അർഹതയുണ്ട്. നാലുവർഷത്തേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. യോഗ്യത നേടുന്ന 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരമായ സേവനവും പദ്ധതി ലഭ്യമാക്കുന്നുണ്ട്.
പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഒരു കൂട്ടർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളി. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്ട്മെന്റ് ഒറ്റയടിക്ക് നിർത്തലാക്കുന്നത് തെറ്റായ നടപടിയാണെന്നും ഹർജിക്കാർ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഹർജികൾ തള്ളണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ടുവച്ചത്.