അഹമ്മദാബാദ് : 232 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് പതിച്ച് തീപിടിച്ചു. അപകടത്തിൽ എല്ലാവരും മരിച്ചതായാണ് പുറത്തുവരുന്ന വിവരം. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു.
കേന്ദ്രമന്ത്രിമാർ സ്ഥലത്തേക്ക്
രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അഹമ്മദാബാദിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശമനുസരിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി അപകടസ്ഥലത്തേക്കെത്തുന്നത്. വിമാനാപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ നിർദ്ദേശിച്ചു.