തമിഴ്നാട്ടില്‍ രണ്ടിടങ്ങളിലായുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അവശനിലയിലായ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വില്ലുപുരം ജില്ലയിലെ മരക്കാനം സ്വദേശികളായ 13 പേരും ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് അഞ്ച് പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. വില്ലുപുരം ജില്ലയില്‍ 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് തെളിവുകൾ കണ്ടെത്താൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇരകൾ എറ്റനോൾ-മെഥനോൾ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വില്ലുപുരം, ചെങ്കല്‍പട്ട്, കടലൂര്‍ ജില്ലകളിലെ പോലീസ് അനധികൃത മദ്യനിര്‍മ്മാതാക്കളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വില്ലുപുരം എസ്പിയും രണ്ട് ഡിഎസ്പിമാരും ഉള്‍പ്പെടെ 10 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ചെങ്കല്‍പട്ട് പൊലീസ് മേധാവിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.