രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. “രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു,” വിജയ് പറഞ്ഞു.
തമിഴക വെട്രി കഴകം, പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്, സജീവ രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതിയും
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൌകര്യം നല്‍കുന്ന ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.