ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന് പണം കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയാണ് സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ ചീഫ് ജസ്റ്റിസ് ഉപാധ്യായയ്ക്ക് നൽകിയ സംഭവത്തിന്റെ വീഡിയോകളും ഫോട്ടോഗ്രാഫുകളും സുപ്രീം കോടതി വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ഹൈക്കോടതി റിപ്പോർട്ട് പരസ്യമാക്കുന്നതിന് മുമ്പ്, ചീഫ് ജസ്റ്റിസ് സുപ്രീം കോടതി കൊളീജിയത്തിലെ ഒരു മുതിർന്ന അംഗത്തെ തീരുമാനം അറിയിച്ചതായി അറിയുന്നു.
ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പ്ലാസ്റ്റിക് ബാഗുകളിലായി പകുതി കത്തിയ പണക്കെട്ടുകൾ പുറത്തെടുക്കുന്നത് ചിത്രങ്ങളിലും വീഡിയോയിലും കാണാം. നോട്ടുകെട്ടുകൾ കത്തുമ്പോൾ അതിലെ ഗാന്ധിജിയുടെ ചിത്രത്തെ പരാമർശിച്ചുകൊണ്ട് ”മഹാത്മാഗാന്ധി കത്തുന്നു” എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ജസ്റ്റിസ് വർമ്മയ്ക്ക് തൽക്കാലം ഒരു ജുഡീഷ്യൽ ഉത്തരവാദിത്തവും നൽകരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ഒരു പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 14 ന് തീപിടിത്തമുണ്ടായപ്പോഴാണ് ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ടിനുപിന്നാലെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ നിർദേശിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് അഞ്ചംഗ കൊളീജിയം ജസ്റ്റിസ് വർമ്മയുടെ സ്ഥലംമാറ്റം ശുപാർശ ചെയ്യാൻ ഏകകണ്ഠമായി തീരുമാനിച്ചതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ മാർച്ച് 21 ന് അയച്ച കത്തിൽ, ജസ്റ്റിസ് വർമ്മയോട് തന്റെ ഔദ്യോഗിക ബംഗ്ലാവിലെ മുറിയിൽ പണം എത്തിയത് എങ്ങനെയെന്ന് വിശദമാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഉപാധ്യായയ്ക്ക് നൽകിയ ഔദ്യോഗിക മറുപടിയിൽ ജസ്റ്റിസ് വർമ്മ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.