ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ കൊയ്ത്ത് തുടരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം. അഞ്ചാം ദിനം ഇന്ത്യ ഇതിനോടകം ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. ആറാം സ്വർണമാണ് പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ചൈനയെ തകർത്താണ് സ്വർണ നേട്ടം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി. ഇതോടെ 6 സ്വർണവും 8 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി.
വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിൽ ഒതുങ്ങിയത്.
ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; 6-1,7-6. വനിതകളുടെ ബോക്‌സിങ് 50കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറിലെത്തി. കൊറിയയുടെ കൊറോങ് ബാകിനെ 5-0 എന്ന സ്‌കോറിനാണ് സരീന്‍ തോല്‍പ്പിച്ചത്.
2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം മൂലം 2023-ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. 44 വേദികളിൽ 40 കായിക ഇനങ്ങളിലായി 481 മെഡൽ പോരാട്ടങ്ങളാണ് ഏഷ്യൻ ഗെയിംസ് വേദിയിൽ നടക്കുക. ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ഒക്ടോബർ എട്ടിനാണ് മേള സമാപിക്കുന്നത്.