ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് തിരിച്ചടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക ഉത്തരവ് പുറത്ത്. ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ‘വാജിവാഹനം’ ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും, അവ പൊതുസ്വത്താണെന്നും വ്യക്തമാക്കുന്ന 2012-ലെ ഉത്തരവാണ് ഇപ്പോൾ തന്ത്രിക്ക് കുരുക്കായിരിക്കുന്നത്.
2012-ൽ അന്നത്തെ ദേവസ്വം കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ക്ഷേത്രത്തിൽ പുതിയ വസ്തുക്കൾ സ്ഥാപിക്കുമ്പോൾ, പഴയവ തന്ത്രിക്ക് നൽകുന്നതിന് പകരം പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡിന്റെ തീരുമാനം. ഈ ഉത്തരവ് നിലനിൽക്കെയാണ് 2017-ൽ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്.
2012-ലെ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് പ്രയാർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ഭരണസമിതി 2017-ൽ വാജിവാഹനം തന്ത്രിക്ക് നൽകിയത്. നിലവിലെ കേസിൽ ഈ നടപടി അന്നത്തെ ഭരണസമിതിക്കും വലിയ തിരിച്ചടിയാകും. കേസിൽ തന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഈ ഉത്തരവ് അന്വേഷണസംഘം പരിശോധിക്കും.

