ഇഡി അറസ്റ്റ് ചെയത സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ സെന്തിൽ ബാലാജിയുടെ ബൈപാസ് സർജറി എത്രയും വേഗത്തിൽ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കും. അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂയെന്ന് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ജൂൺ 15ന് രാത്രിയാണ് സെന്തിൽ ബാലാജിയെ ചെന്നൈയിലെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം നേരത്തെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സിഎബിജി) ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. നിലവിൽ അദ്ദേഹത്തെ അനസ്തേഷ്യക്ക് വിധേയനാക്കാനുള്ള ടെസ്റ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാകും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക.
2015ൽ ജയലളിത സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്നപ്പോൾ കോഴ വാങ്ങിയെന്ന കേസിലാണ് ഇഡിയുടെ നിലവിലെ നടപടി. 28 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തനായ അദ്ദേഹം 2018ലാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാകുന്നത്. സെന്തിൽ ബാലാജിയുടെ അറസ്റ്റിന്റെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.