എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്.
അതേസമയം പുതുപ്പള്ളിയിലേക്ക് രാഹുലിന്റെ സന്ദര്‍ശനം ഉണ്ടാവും എന്നും അറിയുന്നുണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്വൻഷൻ രാഹുല്‍ ഉദ്ഘാടനം ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്.
നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. കല്‍പ്പറ്റയില്‍ പൊതു സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. രാഹുല്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ കൈമാറും. മറ്റന്നാള്‍ മാനന്തവാടിയിലാണ് രാഹുലിന്റെ പരിപാടികള്‍. ഇതിന് ശേഷം എംപി കോടഞ്ചേരിയിലേക്ക് പോകും.