എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിയമ സഹായം ഉറപ്പുവരുത്തുമെന്ന് രാഹുൽ ഗാന്ധി. അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദർശിച്ച് പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ഇതിനായി രാഹുൽ ഇന്ന് അരവിന്ദ് കെജ്‌രിവാളിനെ നേരിൽ കാണാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിലെ ഒരു സംഘം അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയതിന് ശേഷം നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഇവയ്ക്കിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. തുടർന്ന് അരവിന്ദ് കെജ്‌രിവാളിനെ ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി, മെഡിക്കൽ സംഘവും ഇഡി ഓഫീസിലെത്തി. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ
ഡൽഹി എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സമൻസയച്ചതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിന്നുള്ള നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നേടാൻ ഡൽഹി മുഖ്യമന്ത്രി പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ സംഭവവികാസം.