ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ അഞ്ചംഗ സംഘം ഉടൻ ലണ്ടനിലെത്തും.
2019 ഓഗസ്‌റ്റിൽ കേന്ദ്രം എൻഐഎ നിയമം ഭേദഗതി ചെയ്‌തിരുന്നു, ഇതിലൂടെ സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും കൂടാതെ വിദേശത്തുള്ള ഇന്ത്യക്കാർക്കും, ഇന്ത്യൻ താൽപ്പര്യങ്ങൾക്കും എതിരായ തീവ്രവാദ പ്രവർത്തനങ്ങളും അന്വേഷിക്കാൻ ഏജൻസിയെ അധികാരപ്പെടുത്തിയിരുന്നു.
മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിന് മുകളിൽ പറക്കുന്ന ത്രിവർണ്ണ പതാക ഒരു കൂട്ടം പ്രതിഷേധക്കാർ പിടിച്ചെടുത്തു. പിന്നാലെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രവേശന കവാടത്തിലേക്ക് സമീപിക്കുന്നത് തടഞ്ഞു. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ഇന്ത്യൻ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോകളിൽ നിരവധി പ്രതിഷേധക്കാർ മഞ്ഞയും കറുപ്പും കലർന്ന ഖാലിസ്ഥാൻ പതാകയുമായി തീവ്ര സിഖ് മതപ്രഭാഷകനും ഖാലിസ്ഥാൻ അനുഭാവിയുമായ അമൃതപാൽ സിംഗിനെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതും കാണാമായിരുന്നു. പ്രതിഷേധക്കാരിൽ ഒരാൾ ബാൽക്കണിയിലേക്ക് കയറുന്നതും ഹൈക്കമ്മീഷന്റെ മുൻവശത്തെ ഒരു തൂണിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചെറിയുന്നതും വീഡിയോകളിൽ കാണാനാകും.